കെ.ആര്‍.നാരായണന്‍ കാലത്തിന്റെ കാവ്യനീതി- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
ഫോട്ടോ : പോത്തന്‍കോട് ശാന്തിഗിരിആശ്രമത്തില്‍ നടന്ന കെ.ആര്‍. നാരായണന്‍ അനുസ്മരണം സമ്മേളനം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
പോത്തന്‍കോട് (തിരുവനന്തപുരം): തന്റെ സ്വതസിദ്ധമായ കഴിവുകള്‍ പരിമിതികളുടെ മലകള്‍ക്കപ്പുറത്താണെന്ന് തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തെ ആ തരത്തില്‍ രൂപപ്പെടുത്തി എടുത്ത കെ. ആര്‍. നാരായണന്‍ രാജ്യത്തിന് പ്രചോദനമാണെന്നും അദ്ദേഹം എക്കാലവും ആദരിക്കപ്പെടുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന കെ.ആര്‍. നാരായണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ജീവിതത്തിന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നൊമ്പരങ്ങളും വാരിപ്പിടിച്ച് മുന്നോട്ടു സഞ്ചരിക്കുമ്പോഴും സ്വപ്നങ്ങളുടെ പിറകേയല്ല, സ്വപ്നങ്ങളുടെ കൂടെ സഞ്ചരിച്ച് ജീവിതവിജയം നേടിയവരുടെ ശ്രേണിയില്‍ മുന്‍പന്തിയിലാണ് കെ.ആര്‍ നാരായണന്‍. അദ്ധേഹത്തിന്റെ സംഭാവനങ്ങള്‍ നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടി. ലോകം ഭരിക്കേണ്ടത് ഗുരുക്കന്‍മാരുടെ അനുഗ്രഹാശ്ശിസുകളോടും ഉപദേശങ്ങളോടും കൂടിയാണ് . കെ. ആര്‍. നാരായണനും ആശ്രമവുമായുളള ബന്ധം കാണുമ്പോള്‍ അത് ആര്‍ഷഭാരതത്തിന്റെ സനാതന പാരമ്പര്യത്തിന്റെ ഓര്‍മ്മപെടുത്തലാണ്. ഇന്ത്യ ഭരിച്ചിരുന്ന ഒരു രാഷ്ട്രപതി തന്റെ ജീവിത വിഹ്വലതകളില്‍ നവജ്യോതിശ്രീകരുണാകരഗുരുവെന്ന തന്റെ ആത്മീയഗുരുവില്‍ അഭയം തേടിയത് രാജ്യത്തിന്റെ ആത്മീയ വൈകാരിക ബന്ധത്തിന്റെ നേര്‍സാക്ഷുമാണെന്നും സ്വാമി പറഞ്ഞു.
മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനനി പൂജ, ജനനി കൃപ, ജനനി വന്ദിത, സ്വാമി ജനപുഷ്പന്‍, സ്വാമി ജഗത്‌രൂപന്‍, ശാന്തിഗിരി ഫൌണ്ടേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.സുദീപ്, കേരള പരവന്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍. സി, സംസ്ഥാന സെക്രട്ടറി ആര്‍.രാംകുമാര്‍, ആര്‍ട്സ് & കള്‍ച്ചര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.