ഭക്തിനിര്‍ഭരമായി പൂർണ്ണകുംഭമേള
പോത്തന്‍കോട് : വ്രതാനുഷ്ഠാനങ്ങളുടെയും പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങളുടെയും ആത്മീയ നിറവില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ഭക്തിനിര്‍ഭരമായി പൂര്‍ണ്ണകുംഭമേള ആഘോഷിച്ചു. രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
തുടര്‍ന്ന് ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളുടെയും ബ്രഹ്മചാരി ബ്രഹ്മചാരിണിമാരുടെയും നേതൃത്വത്തില്‍ താമരപർണ്ണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി നടന്നു.
ആറുമണിയുടെ ആരാധനയ്ക്ക് ശേഷം ആശ്രമം പ്രസിഡ്ന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തില്‍ ധ്വജാരോഹണവും തുടര്‍ന്ന് പുഷ്പസമര്‍പ്പണവും നടന്നു. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2.30 മണി വരെ ഭക്തര്‍ ഗുരുദര്‍ശനത്തിനായെത്തി. അന്നദാനവും വിവിധ സമര്‍പ്പണങ്ങളും നടന്നു.
വൈകിട്ട് ആറുമണിയോടുകൂടി കുംഭഘോഷയാത്ര ആരംഭിച്ചു. സ്പിരിച്വല്‍ സോണില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ നിന്നും ശുഭ്രവസ്ത്രധാരികളായ ഗുരുഭക്തര്‍ കുംഭങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്രയായി ആശ്രമ സമുച്ചയം വലം വച്ചു. കുംഭങ്ങള്‍ക്കൊപ്പം ദീപതാലവും മുത്തുക്കുടകളുമായി ഭക്തര്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു.
നാദസ്വരവും പഞ്ചവാദ്യവും കുംഭമേളയ്ക്ക് മിഴിവേകി. ആശ്രമപരിസരമാകെ ദീപപ്രഭചൊരിഞ്ഞ്, സുഗന്ധപൂര്‍ണവും അഖണ്ഡമന്ത്രോച്ചാരണങ്ങളാലും നിറഞ്ഞ അന്തരീക്ഷത്തിലാണ് കുംഭമേള ആഘോഷിച്ചത്.
രാത്രി 8 മണിയോടെ ഘോഷയാത്ര ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യം ശാന്തിഗിരിയില്‍ ഭക്തിസാന്ദ്രമായ ഒരു കാഴ്ചയായി മാറി. കുംഭമേളയോട് കൂടി ഇത്തവണത്തെ നവപൂജിതം ആഘോഷങ്ങൾക്കും സമാപനമായി.