നവപൂജിതം ശോഭയില്‍ ശാന്തിഗിരി; ഭക്തിയുടെ നിറവില്‍ ദീപപ്രദക്ഷിണം
ഫോട്ടോ ക്യാപ്ഷന്‍: ശാന്തിഗിരി ആശ്രമത്തിലെ നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ദീപപ്രദക്ഷിണം
പോത്തന്‍കോട് : ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദീപപ്രദക്ഷിണം ഭക്തിസമാര്‍പ്പണത്തിന്റെ മഹോത്സവമായി. വൈകിട്ട് ആറുമണിയോടെ യജ്ഞശാലയില്‍ നിന്നും ആരംഭിച്ച ദീപപ്രദക്ഷിണത്തില്‍ സന്ന്യാസി-സന്ന്യാസിനിമാരും, ബ്രഹ്മചാരി-ബ്രഹ്മചാരിണികളും, ഗുരുഭക്തരുമടക്കം നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ദീപപ്രദക്ഷിണത്തിന് നേതൃത്വം നല്‍കി. പ്രദക്ഷിണ വേളയില്‍ ഗുരുഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഗുരുമന്ത്രാക്ഷരങ്ങള്‍ അന്തരീക്ഷത്തില്‍ ലയിച്ചു. പരിസരം സുഗന്ധപൂരിതമായി. ഭക്തര്‍ കൈകളില്‍ ദീപതാലങ്ങളുമായി അണിനിരന്നപ്പോള്‍ സന്ധ്യയുടെ പ്രകാശ-അന്ധകാര സംഗമം ദീപപ്രഭയാല്‍ നിറഞ്ഞു.
അഖണ്ഡനാമജപം, പഞ്ചവാദ്യ നാദസ്വര മേളങ്ങള്‍, പെരുമ്പറ, മുത്തുക്കുട എന്നിവയും ദീപപ്രദക്ഷിണത്തിന് ഭംഗിയേകി. രാത്രി എട്ടുമണിയോടെ ദീപപ്രദക്ഷിണം ഗുരുവിങ്കല്‍ സമര്‍പ്പിച്ച് ആരാധനയും പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നവപൂജിത സമര്‍പ്പണ സന്ദേശം നല്‍കി.
ഇക്കൊല്ലത്തെ നവപൂജിതം ആഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 20-ന് നടക്കുന്ന പൂര്‍ണ്ണകുംഭമേളയോടെ സമാപിക്കും.