സഹകരണ മന്ദിരം ലോക സമാധാനത്തിന്റെ ഹൃദയം - സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിലെ സഹകരണമന്ദിരം ലോക സമാധാനത്തിന്റെ ഹൃദയമാണെന്നും, ഇവിടെ ഇരുന്നുകൊണ്ട് ഗുരു ലോകത്തിൻറെ ശാന്തിയെ ക്കുറിച്ച് ചിന്തിക്കുകയും ലോക നേതാക്കള്‍ കൂടിയാലോചിക്കുകയും ചെയ്യുന്ന നാള്‍ വരുമെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഇന്ന് (21-09-2025) ഞായറാഴ്ച ലോകസമാധാന ദിനത്തില്‍ സഹകരണ മന്ദിരത്തില്‍ സംഘടിപ്പിച്ച ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ശാന്തിഗിരി ഗുരുമഹിമ ഇന്‍ചാര്‍ജ് ജനനി വന്ദിത ജ്ഞാന തപസ്വിനി ആമുഖപ്രഭാഷണം നടത്തിയ യോഗത്തിന് ആര്‍ട്സ് & കള്‍ച്ചര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം. പി.പ്രമോദ് നന്ദിരേഖപ്പെടുത്തി.
സ്വാമിയുടെ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ :
ആയിരത്തി തൊള്ളായിരത്തി അൻപത്തിയെട്ടിൽ വർക്കലയിൽ ശിവഗിരിയിലെ ഒരു കുന്നിൻറെ മുകളിൽ ലോകത്തിന് ശാന്തി ആയിട്ടുള്ള ഗുരു ശാന്തിഗിരിക്ക് രൂപം നൽകി. രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷ ചിത്രങ്ങൾ ഓരോ രാജ്യത്തിന്റെയും അഖണ്ഡതയ്ക്ക് നേരെ ഉണ്ടാകുന്ന അപകടങ്ങൾ ഇതെല്ലാം അവസാനിപ്പിച്ച് ലോകത്ത് ശാശ്വതമായ ശാന്തിയുടെ കവാടങ്ങൾ തുറക്കുക എന്നുള്ളതാണ് ലോക സമാധാന ദിനത്തിന്റെ വിഷയം. iഗുരു ശാന്തിഗിരിയിലൂടെ വിഭാവനം ചെയ്തതും ലോകത്തിലെ എല്ലാ മനുഷ്യരും പരസ്പരം സ്നേഹത്തോടെയും തുല്യരായും ജീവിക്കുന്ന കാലമാണ്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ പാവപ്പെട്ടവരുടെ ജീവിത രീതിയെ പോലും ബാധിക്കുന്ന തരത്തിലുള്ള അപകടങ്ങളുടെ സമഗ്രമായ രൂപമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന അസഹിഷ്ണുത. വിശ്വാസത്തിന്റെ പേരിൽ, മതത്തിൻറെ പേരിൽ, ജാതിയുടെ, വർണ്ണത്തിൻറെ, വർഗ്ഗത്തിൻറെ, നിറത്തിൻറെ, ഭക്ഷണത്തിൻറെ, ജീവിത രീതിയുടെ, വസ്ത്രത്തിൻറെ പേരിൽ ഒക്കെ മനുഷ്യൻ മനുഷ്യനെ വേട്ടയാടുന്ന സ്ഥിതിവിശേഷം ഇന്നുണ്ടാകുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘർഷങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് യാതൊരു ഗത്യന്തരവുമില്ലാതെ പാലായനം ചെയ്യുന്ന മാതാപിതാക്കളുടെ ജീവിതത്തിലെ നിസ്സഹായതയുടെ ഏറ്റവും ദുഃഖകരമായ കാഴ്ചയാണ്. സംഘർഷങ്ങൾ സാധാരണക്കാരായ ആളുകളുടെ നേർക്കാണ് പലപ്പോഴും ഉണ്ടാകുന്നത്. അതിർത്തിയിൽ ഉണ്ടാകുന്ന സംഘർഷങ്ങളില്‍ നഷ്ടമാകുന്നത് സാധാരണ ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ്. ചരിത്രം സാക്ഷ്യം വഹിച്ച മഹായുദ്ധങ്ങൾ ഒക്കെ നഷ്ടം നല്‍കിയിട്ടുള്ളത് സാധാരണ മനുഷ്യര്‍ക്കാണ്.
നമ്മുടെ പുരാണത്തിലെ മഹാഭാരത യുദ്ധം. ലോക ചരിത്രത്തിൽ രക്തം കൊണ്ട് എഴുതപ്പെട്ട മഹാഭാരത യുദ്ധം കഴിഞ്ഞതിനുശേഷം ധർമ്മപുത്രൻ രണഭൂമിയിലേക്ക് വരുന്ന സമയത്ത് തൻറെ സഹോദരന്മാരായിട്ടുള്ള ആളുകൾ, സതീർഥ്യന്മാരായിട്ടുള്ള ആളുകൾ, സന്തത സഹചാരികൾ, ബന്ധുക്കളായിട്ടുള്ള ആളുകൾ എല്ലാവരും കബന്ധങ്ങൾ ആയി കിടക്കുന്നതാണ്. മനുഷ്യശരീരം ചിതറിക്കിടക്കുന്നു. അവരുടെ രക്തത്തില്‍ ചവിട്ടി മാത്രമേ അദ്ദേഹത്തിന് മുന്നോട്ട് നടക്കുവാന്‍ സാധിച്ചുള്ളൂ. ഏറ്റവും ഭീകരമായിരുന്നു യഥാർത്ഥത്തിൽ മഹാഭാരത യുദ്ധം. മനുഷ്യഹൃദയങ്ങളിലെരിഞ്ഞ കലാപ അഗ്നിയുടെ പരിണിതഫലമാണ് അവിടെ കണ്ടത്. ആ യുദ്ധത്തിന് തുടക്കം കുറിച്ചത് അസൂയ, ധനാര്‍ത്തി, അധികാരം ഈ വികാരങ്ങൾ മനസ്സാകുന്ന ഇന്ദ്രിയങ്ങളിലേക്ക് കടന്ന് തൻറെ കൂടെ ജീവിക്കുന്ന ആളുകളുടെ ഹൃദയം കാണാതെ അവരെ തളർത്തുന്ന കാഴ്ചയാണ്.
ഇന്ന് അമേരിക്ക ലോകരാജ്യങ്ങളെ വെല്ലുവിളിക്കുമ്പോഴും നമ്മുടെ രാജ്യമുൾപ്പെടെ അതിനെ പ്രതിരോധിക്കുകയാണ്. അതില്‍ നിന്നെല്ലാം നമുക്ക് കാണുവാന്‍ കഴിയുന്നത് അസന്തുഷ്ടിയുടെയും അസഹിഷ്ണുതയുടെയും അഹങ്കാരത്തിന്റെ ഒക്കെ നേർ ചിത്രങ്ങളാണ്.
അവിടെയാണ് സമാധാനത്തിനായി ഗുരു വിഭാവനം ചെയ്ത ഏറ്റവും വലിയ ആശയം യഥാർത്ഥത്തിൽ ശാന്തിഗിരിയിലൂടെ ലോകത്തിന് നല്‍കുന്നത്. നമ്മുടെ ഗുരുവിന് മാത്രമേ ഒരുപക്ഷെ ലോകത്തെ നന്മയിലേക്ക് നയിക്കുവാൻ പര്യാപ്തമായ നിലയിലുള്ള സന്ദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ ലോകത്തിന് കൊടുക്കുവാൻ സാധിക്കുകയുള്ളൂ. അന്താരാഷ്ട്ര സമാധാന ദിനത്തില്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ആത്യന്തികമായ ആഴത്തിലുള്ള ആഗ്രഹം ഐക്യത്തോടെ ജീവിക്കാനാകുക എന്നുള്ള ഉറപ്പിക്കലാണ്.
എല്ലാവരും കൂടി ഇരുന്ന് കലഹിച്ച് സംസാരിച്ച് ചർച്ച ചെയ്യുന്ന ഇടത്തല്ല ആത്യന്തികമായ സമാധാനം ഉണ്ടാകുന്നത് എന്ന് ഗുരു ലോകത്തെ പലതവണകളായി ഓർമ്മിപ്പിച്ചു. നമ്മുടെയൊക്കെ ചിന്തകളിലും വാക്കുകളിലും പ്രവർത്തികളിലും സാമാന്യമുണ്ട്. കുടുംബത്തിൽ സമൂഹത്തിലേക്ക് വ്യാപിച്ച് ആ സമൂഹം രാജ്യമായി വളർന്ന് അവിടെ ലോകത്തിലേക്ക് സമാധാനത്തിന്റെ ശാന്തിയുടെ സങ്കൽപ്പങ്ങൾ ഉണ്ടാകുന്ന തരത്തിൽ നമ്മുടെ കർമ്മങ്ങളെ പരിഷ്കരിക്കണമെന്ന് ഗുരു ആവശ്യപ്പെട്ടു.
ഗുരു പലപ്പോഴും പറഞ്ഞു ശാന്തിഗിരിയുടെ ദൗത്യം ലോകത്ത് സമാധാനവും ഐക്യവും കൊണ്ടുവരികയാണ്. ഗുരുവിനായി സമാധാനം നേടിയെടുക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ ലക്ഷ്യമാണ്. സ്നേഹത്തിനും വിനയത്തിനും സേവനത്തിലും പതിഞ്ഞ ജീവിതാനുഭവവും നമുക്ക് കാട്ടിത്തന്ന മഹാ ഗുരുവിൻ്റെ സങ്കൽപ്പത്തിൽ ഈ ദിനത്തിൽ ലോകമെമ്പാടും സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. പരസ്പരം വെട്ടി കീറുന്ന മനുഷ്യരുടെ ഇടയിൽ രാജ്യങ്ങളുടെ ഇടയിൽ ആത്യന്തികമായ സമാധാനം ഉണ്ടാകട്ടെ എന്ന് നമുക്ക് എല്ലാവർക്കും ഇവിടെ ഗുരു ലോകസമാധാനത്തിനായി നിര്‍മ്മിച്ച സഹകരണമന്ദിരത്തിലിരുന്ന് പ്രാർത്ഥിക്കാം. ഇവിടെ ഇരുന്ന് പ്രാർത്ഥിക്കുമ്പോൾ അത് ഇവിടെ ഈ അന്തരീക്ഷത്തിൽ മാത്രമല്ല ഈ അന്തരീക്ഷത്തിൽ നിന്നും കടന്ന് ലോകമാസകലം പ്രപഞ്ച കടന്നുപോകുന്ന വലിയ സങ്കൽപ്പ ശക്തിയായി അത് മാറും എന്നുള്ളത് നിസംശയമായ കാര്യമാണ്.
ശാന്തിഗിരിയുടെ മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോവുകയും സമൂഹത്തിൻറെ എല്ലാ കോണുകളിലും ഐക്യം വിതറുവാൻ സാധിക്കുകയും ചെയ്യുമ്പോഴാണ് ശാന്തിഗിരിയിലെ ഗുരുവിൻ്റെ ഭക്തന്മാർ സമാധാനത്തിൻ്റെ ദൂതന്മാരായി മാറുന്നത്. നമുക്കെല്ലാവർക്കും ഈ ദിവസം അങ്ങനെയൊരു പ്രതിജ്ഞയെടുക്കാം.