News

ഉപദേശം മാത്രം പോര, ലഹരിയുടെ വഴി അടയ്ക്കണം- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

news128

ഉപദേശം മാത്രം പോര, ലഹരിയുടെ വഴി അടയ്ക്കണം- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

ഫോട്ടോ : രാജ്യത്തുടനീളമുളള ശാന്തിഗിരി ആശ്രമത്തിന്റെ 35 കേന്ദ്രങ്ങളില്‍ കേന്ദ്രയുവജനകാര്യ മന്ത്രാലയവും മൈ ഭാരത് പ്ലാറ്റ്ഫോമുമായി സഹകരിച്ച് നടത്തുന്ന നഷാ മുക്ത് യുവ ഭാരത് യൂത്ത് സ്പിരിച്വല്‍ സമ്മിറ്റിന്റെ ദേശീയതല ഉദ്ഘാടനം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കുന്നു.

പോത്തന്‍കോട് (തിരുവനന്തപുരം) : ഏതൊരു രാജ്യത്തിന്റെയും പ്രതീക്ഷയും സുരക്ഷിതത്വവും സാമാന്യബോധവും ശോഭനമായ ഭാവിയും യുവതയിലാണ്. ആ യുവതയെ ഒരു ചെടി നട്ടു വളര്‍ത്തുന്നതുപോലെ വളര്‍ത്തി വടവൃക്ഷമാക്കി അതിന്റെ തണലില്‍ ഓരോരുത്തര്‍ക്കും ജീവിക്കാന്‍ ആസ്പദമായ നിലയില്‍ അതിനെ സംരക്ഷിച്ചു വളര്‍ത്തിയെടുക്കുക എന്നത് പ്രധാനമായും പഠിക്കുന്ന സമയത്ത് അദ്ധ്യാപകരുടെയും വളരുന്ന സമയത്ത് മാതാപിതാക്കളുടെയും ജീവിക്കുന്ന സമയത്ത് സമൂഹത്തിന്റെയും ആവശ്യമാണ്. നേര്‍രേഖയിലേക്ക് യുവാക്കളെ നയിക്കുക എന്നു പറയുന്നത് ഇന്നത്തെ കാലത്ത് ഉപദേശം കൊണ്ട് മാത്രം സാധിക്കുകയില്ലെന്നും സമൂഹത്തില്‍ നീരാളി പോലെ പടര്‍ന്നു പിടിക്കുന്ന ലഹരിയുടെ വഴി അടയ്ക്കണമെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

രാജ്യമാസകലമുളള ശാന്തിഗിരി ആശ്രമത്തിന്റെ 35 കേന്ദ്രങ്ങളില്‍ കേന്ദ്രയുവജനകാര്യ മന്ത്രാലയവും മൈ ഭാരത് പ്ലാറ്റ്ഫോമുമായി സഹകരിച്ച് നടത്തുന്ന നഷാ മുക്ത് യുവ ഭാരത് യൂത്ത് സ്പിരിച്വല്‍ സമ്മിറ്റിന്റെ ദേശീയതല ഉദ്ഘാടനം പോത്തന്‍കോട് ആശ്രമത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

രാജ്യത്തുടനീളം മയക്കുമരുന്ന് കുട്ടികളില്‍ വ്യാപകമാകുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. അവര്‍ ലഹരിയുടെ വാഹകരാകുന്നു. മയക്കുമരുന്നിന്റെ ഉപയോഗം തീ പിടിച്ചതുപോലെ പടരുകയാണ്. ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല, അത് സംഘടിതമായി ഉണ്ടായതാണ്. കാലക്രമേണ നമ്മുടെ കേരളവും ആ നീരാളിപ്പിടുത്തത്തിലാണ്. ആര്‍ക്കും അത് നിഷേധിക്കാനാവില്ല. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന ക്രൈമുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും.

രാജ്യത്തെ ദുര്‍ബലമാക്കാനുളള നര്‍ക്കോ ടെററിസത്തെ തിരിച്ചറിയണം. ആഭ്യന്തരമായ സുസ്ഥിരതയെ തകര്‍ക്കാന്‍ പല ശക്തികളും ശ്രമിക്കാറുണ്ട്. രാജ്യത്തിന്റെ അഖണ്ഡത സ്വശ്ചന്ദമായ ജീവനോപാധികളാണ് . ഒരു രാജ്യത്തുണ്ടാകുന്ന അന്തര്‍ശ്ചിദ്രങ്ങള്‍ ആ രാജ്യത്തെ യുവതയെ പ്രധാനമായും ബാധിക്കുന്നു. ആ യുവതയെ ദുരുപയോഗപ്പെടുത്തുന്നതിലൂടെ കാര്യക്ഷമതയെ തകര്‍ക്കുന്നതിലൂടെ ഇല്ലാതാകുന്നത് രാജ്യത്തിന്റെ ഭാവിയുടെ അടിത്തറയാണെന്നും സ്വാമി പറഞ്ഞു.

ശാന്തിഗിരി ആത്മവിദ്യാലയം ചീഫ് കോര്‍ഡിനേറ്റര്‍ ജനനി പൂജ ജ്ഞാന തപസ്വിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി തിരുവനന്തപുരം നോര്‍ത്ത് ജനറല്‍ സെക്രട്ടറി എം.ബാലമുരളി, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സ്മിത.ആര്‍. ബി, റിട്ട. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ സജീവ്.റ്റി.ഒ, സ്വാമി ഗുരുസവിധ്, സ്വാമി ആത്മധര്‍മ്മന്‍ , ബ്രഹ്മചാരി അരവിന്ദ്.പി, കെ. ഡാനിയല്‍ കുര്യന്‍, മനുപ്രിയന്‍ പ്രദീപ്, അജ്ഞന സുനില്‍ എന്നിവര്‍ സംസാരിച്ചു. ജനനി കരുണശ്രീ നഷാ മുക്ത് ഭാരത് അഭിയാന്‍ പ്രതിജ്ഞയും ബ്രഹ്മചാരി രാജേഷ്.വി.സി സ്വദേശി പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. മെഡിറ്റേഷന്‍, ബോധവത്കരണ ക്ലാസ്, സിഗ്നേച്ചര്‍ ഡ്രൈവ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. കേരളത്തിൽ കേന്ദ്രാശ്രമത്തിന് പുറമെ, കൊല്ലം (പോളയത്തോട്,), കൊട്ടാരക്കര (പളളിക്കല്‍), പത്തനംതിട്ട (കോന്നി), കോട്ടയം (പാമ്പാടി, വൈക്കം), ഇടുക്കി (കല്ലാർ, രാമക്കൽമേട്, കുമളി), ആലപ്പുഴ (ഹരിപ്പാട്, തമ്പകച്ചുവട്), മലപ്പുറം (തെയ്യാല), വയനാട് (സുൽത്താൻ ബത്തേരി), കോഴിക്കോട് (കക്കോടി), എറണാകുളം (പാലാരിവട്ടം), തൃശ്ശൂർ (തങ്ങാലൂർ), പാലക്കാട് (ഓലശ്ശേരി), ആലപ്പുഴ (ചന്ദിരൂർ) എന്നിവിടങ്ങളിലുമുള്ള ആശ്രമം ബ്രാഞ്ചുകളിലും കേരളത്തിന് പുറത്ത് തമിഴ്നാട് (ചെന്നൈ - ചെയ്യൂർ, ഹോസൂർ), കർണാടക (ബംഗളൂരു - സർജാപുര്‍, മൈസൂർ), ഡെൽഹി (സാകേത്), രാജസ്ഥാൻ (ദേവ്ഗഡ്), കന്യാകുമാരി എന്നീ സ്ഥലങ്ങളിലും ആശ്രമത്തിന്റെ ആയുര്‍വേദ സിദ്ധ ആശുപത്രികളിലും സമ്മിറ്റ് നടന്നു.


news128

   













Top