‘നഷാ മുക്ത് യുവ ക്യാമ്പെയിന്‍‘ ശാന്തിഗിരിയില്‍ : ദേശീയതല ഉദ്ഘാടനം 21 ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കും
പോത്തന്‍കോട് (തിരുവനന്തപുരം) : ഭാരതത്തിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും മയക്കു മരുന്ന് രഹിത സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്രയുവജനകാര്യ മന്ത്രാലയവും മൈ ഭാരത് പ്ലാറ്റ്ഫോമുമായി സഹകരിച്ച് നടത്തുന്ന നഷാ മുക്ത് യുവ ക്യാമ്പെയിന്‍ ഏറ്റെടുത്ത് ശാന്തിഗിരി ആശ്രമം.
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലും രാജ്യത്തുടനീളമുളള ബ്രാഞ്ചാശ്രമങ്ങളിലും സെപ്തംബര്‍ 21 ഞായറാഴ്ച നഷാ മുക്ത് യുവ ക്യാമ്പെയിന്റെ ഭാഗമായി ആത്മീയ സമ്മേളനം നടക്കും. ക്യാമ്പെയിനുകളുടെ ദേശീയതല ഉദ്ഘാടനം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 11 ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കും.
കേന്ദ്രാശ്രമത്തിനു പുറമെ കേരളത്തില്‍ കൊല്ലം പോളയത്തോട് , പത്തനംതിട്ട കോന്നി , കോട്ടയം ജില്ലയില്‍ പാമ്പാടി, വൈക്കം , ഇടുക്കിയില്‍ കല്ലാര്‍, രാമക്കല്‍മേട്, കുമിളി, ആലപ്പുഴയില്‍ ഹരിപ്പാട്, തമ്പകച്ചുവട്, മലപ്പുറം തെയ്യാല, വയനാട് സുൽത്താൻ ബത്തേരി, കോഴിക്കോട് കക്കോടി , എറണാകുളം പാലാരിവട്ടം , ആലപ്പുഴ ചന്ദിരൂര്‍ , തൃശ്ശൂർ തങ്ങാലൂര്‍ , പാലക്കാട് ഓലശ്ശേരി ബ്രാഞ്ചാശ്രമങ്ങളിലും കേരളത്തിനു പുറമെ കന്യാകുമാരി, ചെന്നൈ ചെയ്യൂര്‍, തമിഴ്നാട് ഹൊസൂര്‍, ബംഗലൂരൂ സര്‍ജാപ്പൂര്‍, മൈസൂര്‍, ഡല്‍ഹി സാകേത്, രാജസ്ഥാന്‍ ദേവഗഡ് എന്നിവിടങ്ങളിലും രാജ്യത്തുടനീളമുളള ആശ്രമത്തിന്റെ ആയൂര്‍വേദ സിദ്ധ ഹോസ്പിറ്റലുകളിലും അന്നേ ദിവസം ക്യാമ്പെയിന്‍ നടക്കും.
ക്യാമ്പെയിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങൾ വിശദീകരിക്കുകയും, മാനസികമായും ശാരീരികമായും ഉണ്ടാകുന്ന ദോഷഫലങ്ങൾ ചര്‍ച്ച ചെയ്യുകയും ലഹരി വിരുദ്ധ ജീവിതം നയിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മീയ-ശാരീരിക നേട്ടങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യും. ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കല്‍, മെഡിറ്റേഷന്‍, ബോധവത്കരണ ക്ലാസ്, സിഗ്നേച്ചര്‍ ഡ്രൈവ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
വികസിത ഭാരതത്തിന്റെ അടിത്തറയാണ് യുവാക്കൾ. മയക്കുമരുന്ന് പോലുള്ള സ്വയംനാശകരമായ വഴികളിൽ നിന്നും അവരെ സംരക്ഷിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യകരവും പുരോഗമനപരവുമായ ഭാവി ഉറപ്പാക്കാൻ അത്യാവശ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തുടനീളം നടക്കുന്ന ക്യാമ്പെയിനുകള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട 123 ആത്മീയ പ്രസ്ഥാനങ്ങളില്‍ ഒന്നാണ് ശാന്തിഗിരി ആശ്രമവും.