ധർമ്മവും കർമ്മവും -ഗുരുശിഷ്യപാരസ്പര്യത്തിന്റെ ആഴങ്ങൾ -സ്വാമി ഭാസുര ജ്ഞാനതപസ്വി
പോത്തൻകോട് – "ഗുരു ധർമ്മവും ശിഷ്യൻ കർമ്മവുമാണ്. ധർമ്മം പ്രാവർത്തികമാകണമെങ്കിൽ കർമ്മം വേണം; കർമ്മം ഫലവത്താവണമെങ്കിൽ ധർമ്മം വേണം. അതിനാൽ ഗുരുവില്ലാതെ ശിഷ്യനില്ല, ശിഷ്യനില്ലാതെ ഗുരുവില്ല എന്നതാണ് ഗുരുശിഷ്യപാരസ്പര്യത്തിന്റെ ബോധ്യം," എന്ന് ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ ഹെഡ് സ്വാമി ഭാസുര ജ്ഞാനതപസ്വി വ്യക്തമാക്കി.
'നവപൂജിതം' ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 11-ന് നടന്ന സത്സംഗത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. പ്രകൃതിയുടെ നിയമവ്യവസ്ഥയാണ് ധർമ്മം എന്നും, അത് പറഞ്ഞുകൊടുക്കുന്നയാളാണ് ഗുരുവെന്നും സ്വാമി വിശദീകരിച്ചു. ഗുരുവിന്റെ വാക്കുകൾ ശിഷ്യൻ അനുസരിക്കുമ്പോൾ, അതിന്റെ സത്യാവസ്ഥ അനുഭവത്തിലൂടെ മനസ്സിലാകുമ്പോൾ ഗുരു ദൈവമാണെന്ന് തിരിച്ചറിയാനാകുമെന്ന് സ്വാമി പറഞ്ഞു.
"നമ്മുടെ കർമ്മഗതി അഴിയുന്ന സ്ഥലമാണ് ആശ്രമം. അതിൽ ഗുരു ഭൂരിഭാഗം അനുഭവിച്ചു, ശേഷിക്കുന്ന ചെറിയൊരു ഭാഗം മാത്രമാണ് ശിഷ്യന് അനുഭവിക്കുവാനായി തരുന്നത്. അതാണ് ഗുരുശിഷ്യപാരസ്പര്യത്തിന്റെ പ്രാധാന്യം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു പ്രസംഗങ്ങളും അനുഭവങ്ങളും....
ഡോ. ജി.ആർ. കിരൺ (പ്രിൻസിപ്പൽ മെന്റർ, ശാന്തിഗിരി ആത്മവിദ്യാലയം): ഗുരുവിന്റെ വാക്കുകൾ അനുസരിച്ച് പ്രവർത്തിച്ചതിലൂടെ ലഭിച്ച ജീവിതസൗഭാഗ്യത്തെക്കുറിച്ച് അനുഭവം പങ്കുവെച്ചു.
കെ.സ്തുതി (കോർഡിനേറ്റർ, ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി): ജനനസമയം മുതൽ അനുഭവിച്ച ഗുരുകാരുണ്യം പങ്കുവെച്ചു.
എ.പി. രധിക (ഡെപ്യൂട്ടി കൺവീനർ, ശാന്തിഗിരി മാതൃമണ്ഡലം കോഴിക്കോട് ഏരിയ കമ്മിറ്റി): സ്വാഗതം നടത്തി.
ആർ.മോഹൻദാസ് (പ്രതിനിധി, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം റൂറൽ ഏരിയ): കൃതജ്ഞത രേഖപ്പെടുത്തി.
കെ.തീർത്ഥ, ബി.എസ്. ശാന്തിനി എന്നിവർ ഗുരുവന്ദനം ആലപിച്ചു. ടി.എസ്. കരുണപ്രിയൻ ഗുരുവാണി വായിച്ചു. ഇ.എം. അർച്ചന പരിപാടി കോമ്പയറിംഗ് നടത്തി.
സത്സംഗത്തിന്റെ ഏകോപനം
ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ രാത്രി 7.15 മുതൽ 8.30 വരെ ഓൺലൈനായി നടന്ന സത്സംഗത്തിന്റെ ഏകോപനം കോഴിക്കോട്, വൈക്കം, തിരുവനന്തപുരം റൂറൽ ഏരിയ (പാലോട്ടുകോണം) ഏരിയകൾ ചേർന്നാണ് നിർവഹിച്ചത്.